കൊച്ചിയില്‍ പൊതുഗതാഗതത്തിന് മാര്‍ഗനിര്‍ദേശം; ലംഘിക്കുന്നവരുടെ ലൈസന്‍സ് റദ്ദാക്കും

കൊവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയ സാഹചര്യത്തില്‍ പൊതുഗതാഗതത്തിന് മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചു. പടരാതിരിക്കാനുള്ള നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് ജില്ല ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ കളക്ടര്‍ ഉത്തരവിട്ടു. എല്ലാ ഡ്രൈവര്‍മാരും മാസ്‌ക് നിര്‍ബന്ധമായി ധരിക്കണം. കണ്ടക്ടര്‍മാര്‍ മാസ്‌ക്, ഫെയിസ് ഷീള്‍ഡ്, ഗ്ലൗസ് എന്നിവ നിര്‍ബന്ധമായി ധരിക്കണം.

വാഹനങ്ങള്‍ എല്ലാ ദിവസവും അണുവിമുക്തമാക്കണം,സീറ്റിന് അനുപാതികമായ യാത്രക്കാരെ മാത്രം കയറ്റുക, നിന്നുള്ള യാത്ര അനുവദിക്കില്ല. യാത്രക്കാരെ ഒരു ഡോറില്‍ കൂടി മാത്രം അകത്തേക്ക് പ്രവേശിപ്പിക്കുകയും രണ്ടാമത്തെ ഡോറിലൂടെ മാത്രം പുറത്തേക്കിറക്കേണ്ടതുമാണെന്നും നിര്‍ദേശിക്കുന്നു.


കെ.എസ്.ആര്‍.ടി.സി, പ്രൈവറ്റ് ബസ്, ഓട്ടോറിക്ഷ, പ്രൈവറ്റ് കാര്‍ എന്നിവയില്‍ ഡ്രൈവര്‍മാരെയും യാത്രക്കാരെയും വേര്‍തിരിക്കുന്ന മറ ഉണ്ടായിരിക്കണം. 15 ദിവസത്തിനുള്ളില്‍ ഇത് വാഹനങ്ങളില്‍ ഏര്‍പ്പെടുത്തണം.

ഈ നിബന്ധനകള്‍ കെ.എസ്.ആര്‍.ടി.സി ബസുകളില്‍ നടപ്പാക്കുന്നതിന് എല്ലാ ഡിപ്പോ മാനേജര്‍മാരെയും ദുരന്ത നിവാരണ നിമയ പ്രകാരം ചുമതലപ്പെടുത്തിയിട്ടുണ്ട്.പ്രൈവറ്റ് ബസ്, കാറുകള്‍, ഓട്ടോറിക്ഷകള്‍ എന്നിവയില്‍ നിബന്ധന പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ റീജീയണല്‍ ട്രാന്‍സ്‌പോര്‍ട്ട ഓഫീസര്‍ ചുമതലപ്പെടുത്തിയിട്ടുണ്ട്.നിബന്ധനകള്‍ പാലിക്കാത്തവരുടെ ലൈസന്‍സ് റദ്ദാക്കുന്നതിനും സസ്‌പെന്‍ഡ് ചെയ്യുന്നതിനും പോലീസ്, ആര്‍.ടി.ഒ എന്നിവരെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും ജില്ലാഭരണകൂടം അറിയിച്ചു.

അഭിപ്രായങ്ങള്‍