സഹയാത്രിക Part 01

വൈകീട്ട് നാല് മണിക്ക്‌ ഇറങ്ങണം എന്ന് കരുതിയതാണ് . അപ്പോഴാണ് അവസാന നിമിഷം നാളത്തെ പരിപാടിക്ക് കൊണ്ടു പോയതിൽ ഒന്ന് രണ്ടു സാധനം കുറവുണ്ടെന്നു പറഞ്ഞു ലാലു കയറി വന്നത്. തപ്പിപ്പിടിച്ചു സാധനവും എടുത്ത് കൊടുത്ത് കടയും പൂട്ടി താഴെ ഇറങ്ങിയപ്പോൾ ആണ് വണ്ടിയുടെ താക്കോൽ എടുക്കാൻ മറന്നു പോയി എന്നത് ഓർത്തത്. സമയവും പോയി ക്ഷീണവും എല്ലാം കൂടി വീണ്ടും ആ പത്തിരുപത് സ്റ്റെപ്പുകൾ കയറാൻ എന്നെ അനുവദിച്ചില്ല.വണ്ടി ഇവിടിരിക്കട്ടെ വല്ല ഓട്ടോയും പിടിച്ചു പോകാം സ്വയം സമാധാനിച്ചു കൊണ്ട് കണ്ണ് ഓട്ടോ സ്റ്റാൻഡിലെക്ക് പായിച്ചു.അത്ഭുതം എന്നു പറയട്ടെ മരുന്നിനു പോലും ഒരെണ്ണം അവിടെ കാണാനുണ്ടായില്ല. ലാലുവിനെ മനസ്സിൽ തെറിയും പറഞ്ഞുകൊണ്ട് ബസ് സ്റ്റോപ്പിലേക്ക് ഓടി.
ആഴ്ച്ചവസാനം പോലും അല്ല എന്നിട്ടും എന്തൊരു തിരക്കാണ് സ്റ്റോപ്പിൽ ബൈക്കു വാങ്ങിയതിൽ പിന്നെ ലോങ് പോകുമ്പോൾ മാത്രം ആയിരുന്നു ബസോ , ട്രെയ്‌നോ പോകാറുള്ളത്. അതിൽ കൂടുതലും ആനവണ്ടിയിൽ അതാകുമ്പോൾ ഡ്രൈവറുടെ എതിർവശം ഉള്ള സീറ്റിൽ ഇരിക്കാം ,ഡ്രൈവിംഗ് ആസ്വദിക്കാം,ബസ്സിൽ കയറുന്ന കിളികളെ വായ നോക്കാം അങ്ങനെ വേറെയും പല ഗുണങ്ങൾ ഉണ്ട്. രണ്ടു ദേശിയ പാതകളും ചേരുന്ന ഇടമായത് കൊണ്ടും അതിന്റെ ഇരുവശത്തും കുറെ കടകളും ഷോപ്പിംഗ് മാളും പിന്നെ ഹോട്ടല് ആയും,മൊബൈൽ ഷോപ്പുകളും എന്നു വേണ്ട എന്ത് വേണോ അതു കിട്ടും .അത് കൊണ്ടു തന്നെ ബസ് സ്റ്റോപ്പും പരിസരവും എപ്പോഴും തിരക്കായിരുന്നു.
ഓരോ റൂട്ടിലേക്കുള്ള ബസ് വരുമ്പോഴും ചക്കപ്പഴത്തിൽ ഈച്ച പൊതിയാണ പോലെ രണ്ടു ഡോറും ആൾക്കാരെ കൊണ്ടു നിറയും. സ്റ്റോപ്പിൽ എത്തുന്ന വരെ ബസ് കീരിക്കാടൻ ജോസിനെ പോലെ തലയുയർത്തിപ്പിടിച്ചായിരിക്കും വരുന്നത് ആളുകൾ കയറിയാൽ പിന്നെ അത് ലാലേട്ടനെ പോലെ രൂപമാറ്റം സംഭവിച്ചു ഇടത്തോട്ടൊന്നു ചരിഞ്ഞേ പിന്നെ യാത്ര തുടരൂ.
പലറൂട്ടിലേക്കും ബസുകൾ വന്നും പോയിയും ഇരിക്കുന്നുണ്ട് തനിക്ക് പോവേണ്ട ബസ് ഒരെണ്ണം വന്നെങ്കിലും കാലുകുത്താൻ പോലും ഇടമില്ലാത്തതുകൊണ്ടും പിന്നെ പത്തു രൂപ സർക്കറിനു കിട്ടിക്കോട്ടെ എന്ന ന്യായം ഉള്ളത് കൊണ്ടും ആനവണ്ടിക്കായി കാത്തു നിന്നു.ഓടിവന്നതിന്റെയും. ഇത്രയും നേരം ബസ് കാത്തുനിന്നതിന്റെയും പ്രതികരണം പോലെ ആകെ വിയർത്തോലിക്കുന്നുണ്ടായിരുന്നു (അല്ലെങ്കിലും പണ്ടേ വിയർപ്പിന്റെ അസുഖം ഉള്ളതാണ് എന്നിട്ടാണ് വീട്ടുകാർ ജോലിക്കു പോ എന്നും പറഞ്ഞു തള്ളി വിടുന്നത്)
പ്രതീക്ഷകൾ അസ്ഥാനത്താക്കിക്കൊണ്ടു ഒരു ഫാസ്റ്റ് പാസഞ്ചർ ബസ് വന്നു നിന്നു പതിവുപോലെ രണ്ടു ഡോറും ആളുകളെ കൊണ്ടു പൊതിഞ്ഞു ഒരു വിധത്തിൽ ഞാനും എങ്ങനെയോ അതിൽ കയറിപ്പറ്റി. ഒന്നു ശ്വാസം വിടാൻ പോലും പറ്റുന്നില്ല തൂലിൽക്കിടന്ന ബാഗ് ഡോറിന്റെയും എന്റെ പുറത്തിന്റെയും ഇടയിൽ കിടന്നു ചതഞ്ഞു. ചുറ്റുമുള്ളവയെ പിന്നിലാക്കി ബസ് മുന്നോട്ട് പൊയ്കൊണ്ടിരുന്നു.
കുറച്ചു കഴിഞ്ഞപ്പോൾ ഇത്തിരി ആളുകൾ അവിടെയും ഇവിടെയുമൊക്കെ ഇറങ്ങി അൽപ്പം കാറ്റ് ബസ്സിനുള്ളിലേക്ക് കയറിത്തുടങ്ങി.സീറ്റുകൾ നിറഞ്ഞ് ഇരിക്കുന്നു ലക്ഷണം കണ്ടിട്ട് പോകേണ്ട ഗുരുവായൂർ വരെ നിൽപ്പനടിക്കേണ്ടി വരും മനസ്സിൽ വിചാരിച്ചു ആണുങ്ങൾ ആണ് നിൽക്കുന്നത് പെണ്ണുങ്ങൾ ബസ്സിന്റെ മുൻഭാഗത്തെ ഇരുവശങ്ങളിലും ഉള്ള സീറ്റുകൾ കൈയടക്കിയിരിക്കുന്നു പിന്നെങ്ങനെയാ ആണുങ്ങൾക്ക് സീറ്റ് കിട്ടുന്നെ മനസ്സിൽ പിറു പിറുത്തു.
കുറച്ചു കഴിഞ്ഞപ്പോൾ ഡ്രൈവറുടെ ഇടത്തെ സൈഡിൽ ഒരുന്ന ഒരു സ്ത്രീ അവരുടെ സ്റ്റോപ്പിൽ ഇറങ്ങി. രണ്ടിൽ ഒന്ന് കാലിയാണ് മറ്റെതിൽ ഇരിക്കുന്നത് ഒരു പെണ്ണും ഇരിക്കാൻ പോയാൽ നാണം കെടുമോ. പറവൂർ ആയതെ ഉള്ളു ഇനിയും പോണം പത്ത് നാൽപ്പത് കിലോമീറ്ററിന് മുകളിൽ. പിന്നെ ആനവണ്ടിയല്ലേ ഇവിടെ ആണിനും പെണ്ണിനും ഒരുമിച്ച് ഇരിക്കാം അവർക്ക് കുഴപ്പമില്ല എങ്കിൽ ഒന്നു ചോദിച്ചാലോ ഒരു നിമിഷം കൊണ്ട് അങ്ങനെ പല കാര്യങ്ങളും മനസ്സിൽ വന്നു കേറി. ചോദിക്കാം എന്നു തീരൂമാനിച്ചു സീറ്റിന്റെ അടുത്തേക്ക് നടന്നു.
സീറ്റിന്റെ അടുത്ത് ചെന്നപ്പോൾ ആരാ എന്ന പോലെ തലയുയർത്തി ഒരു നോട്ടം. അത് കൊണ്ട് തന്നെ അധികം ബുദ്ദിമുട്ടുണ്ടായില്ല കാലിസീറ്റിലെക്കു കൈ ചൂണ്ടി കാണിച്ചപ്പോൾ തന്നെ കാര്യം മനസ്സിലായി .സീറ്റിൽ ഇരുന്ന ബാഗ് എടുത്ത് അവൾ മടിയിൽ വെച്ചിട്ട് സീറ്റ് എനിക്കായി ഒഴിച്ചു തന്നു. മുന്നിൽ തന്നെ സീറ്റുകിട്ടിയതു കൊണ്ടും .പിന്നെ അടുത്തൊരു പെണ്ണുള്ളത് കൊണ്ടും രാജാവിനെ പോലെ സന്തോഷത്തോടെ ഇരുന്നു. ബസ് മുന്നോട്ട് നീങ്ങി.
എന്റെ ഇരുപ്പിന്റെ കുഴപ്പം ആണോ അതോ ഞാൻ അറിയാതെ എന്റെ ഉള്ളിലെ കോഴി പ്രവർത്തിച്ചു തുടങ്ങിയത് കൊണ്ടാണോ അവൾ കുറച്ചു നേരമായിട്ടു എന്നെ ഇടയ്ക്കിടയ്ക്കു നോക്കുന്നുണ്ടായിരുന്നു . പിന്നേം നോക്കിയപ്പോൾ ഞാൻ നോക്കി ഒന്ന് ചിരിച്ചു അത് കാര്യമാക്കാതെ അവൾ പറഞ്ഞു ചേട്ടാ ഒന്ന് എണീറ്റ് നിക്കാമോ വിയർപ്പിന്റെ മണം അടിച്ചിട്ട് എനിക്കിവിടെ ഇരിക്കാൻ വയ്യ ഛർദ്ദിക്കാൻ വരുന്നു. അപ്പോഴാണ് ഞാനും അതിന്റെ കാര്യം ഓർത്തത് രാവിലെ മുതലുള്ള ഓട്ടമാണ് ഒരു സ്‌പ്രേ പോലും അടിക്കാൻ സമയം കിട്ടിയില്ല . ഷർട്ട് പൊക്കി മൂക്കിന്റവിടെ കൊണ്ടുവന്ന് മണത്തു നോക്കി എന്റെമ്മച്ചി എന്തൊരു കൂറ മണം വെറുതെയല്ല ആ പെണ്ണു പറഞ്ഞേ . ഞാൻ ഒരു ചമ്മിയചിരി ചിരിച്ചു എന്നിട്ട് പറഞ്ഞു . കുട്ടി കുറച്ചു കഴിഞ്ഞു ഞാൻ എഴുനേറ്റോളാ ആരെങ്കിലും ആണുങ്ങളുടെ സീറ്റ് ഒന്ന് ഒഴിഞ്ഞോട്ടെ ഇല്ലെങ്കിലും ഞാൻ മാറിത്തരാം ഇപ്പോൾ ഞാൻ എണീറ്റാൽ എല്ലാവരും കൂടെ എന്നെ പറ്റി മോശമായി വിചാരിക്കും.അത് പറഞ്ഞപ്പോൾ അവൾ നെറ്റിചുളിച്ചു കൊണ്ട് എന്നെ നോക്കി.അതല്ല ഞാൻ ഇപ്പോൾ വന്നിരുന്നല്ലേ ഉള്ളു അത്രയും നേരം കൊണ്ട് ഞാൻ കുട്ടിയെ ശല്യം ചെയ്യുകയോ ,തോണ്ടുകയോ മറ്റോ ചെയ്തത് കൊണ്ടു താൻ ദേഷ്യപ്പെട്ട എന്നെ ഓടിക്കുകയാ എന്നു അവർ വിചാരിക്കും പ്ലീസ് എന്നെ നാണം കെടുത്തല്ലേ അതിനു മറുപടി എന്നപോലെ ഞാൻ പറഞ്ഞു.
എന്റെ നിസ്സഹായാവസ്ഥ കൊണ്ടാണോ പറഞ്ഞതിൽ കാര്യമുള്ളത് കൊണ്ടാണോ പിന്നെ അതിനെ പറ്റി ഒന്നും പറയാതെ ബാഗിൽ നിന്നും ഒരു ബോഡി സ്‌പ്രേ എടുത്ത് എനിക്ക് നേരെ നീട്ടി. ആദ്യം ഒന്ന് മടിച്ചെങ്കിലും പിന്നെ അപ്പൊഴുള്ള അവസ്ഥയ്ക്ക് അത് വാങ്ങാതെ തരമില്ലായിരുന്നു. ഇടയ്ക്കിടെ തിരിഞ്ഞു നോക്കി സീറ്റ് എവിടെയെങ്കിലും കാലി ആകുന്നുണ്ടോ എന്നും ഞാൻ നോക്കിയിരുന്നു.
ഇടയ്ക്കിടെ തിരിയുന്നത് ആ കുട്ടിയുടെ ഉറക്കത്തിനു കുറേശ്ശേ ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ടായിരുന്നു . ഞാൻ തിരിയുമ്പോൾ കൈയോ മറ്റോ ശരീരത്തിൽ തട്ടുമ്പോൾ ഉറക്കം നഷ്ട്ടപ്പെടു നുണ്ടായിരുന്നു. ഒടുവിൽ ആ കുട്ടി തന്നെ ഇങ്ങോട്ട് പറഞ്ഞു ചേട്ടാ ഇവിടെ ഇരുന്നോ ഇങ്ങനെ ഇടയ്ക്കിടെ തിരിഞ്ഞു നോക്കി ശല്യം ചെയ്യാതിരുന്നാൽ മതി ഇവിടേ തന്നെ ഇരുന്നോ എന്ന് കേട്ടപ്പോൾ സന്തോഷം തോന്നിയെങ്കിലും ശല്യം ചെയ്യല്ലേ എന്നത് ഒരു മുന്നറിയിപ്പാണോ എന്നു തോന്നി.
താങ്ക്സ് ! ഇരുന്നോളാൻ പറഞ്ഞതിന് .അതിനു മറുപടിയെന്നപോലെ അവൾ എന്നെ ഒന്ന് നോക്കി എന്നിട്ട് ജനലിന്റെ വീതി കൂടിയ ഭാഗത്തേക്ക് ചാരി ഇരുന്നു ഉറങ്ങാൻ തുടങ്ങി. ചമ്മിയ ഞാൻ നെറ്റ് ഓണാക്കി ഫേസ്ബുക്കിലേക്കും.ട്രോൾ പേജുകളിലെ പോസ്റ്റുകള് കണ്ട് ലൈക്ക് ചെയ്തും കമന്റുകൾ ഇട്ടും ഞാൻ അതിൽ സമയം കളഞ്ഞു.
സമയം സന്ധ്യയായി എതിർ വശങ്ങളിൽ നിന്നും വരുന്ന വാഹനങ്ങളിൽ നിന്നും വരുന്ന വെളിച്ചവും മുഖത്തു തന്നെ കിട്ടുന്നുണ്ട്. വേഗത്തിൽപോയിരുന്ന ബസ് ഇപ്പോൾ സാവധാനം ആണ് പോകുന്നത് ചെണ്ടകൊട്ടും മറ്റും കേൾക്കുന്നുണ്ടായിരുന്നു . കിട്ടിക്കൊണ്ടിരുന്ന കാറ്റിന്റെ ശക്തി കുറഞ്ഞതുകൊണ്ടോ ചെണ്ടയുടെ ശബ്ദമോ അവൾ ഉറക്കത്തിൽ നിന്നും ഉണർന്നു കാറ്റിൽ പറന്ന മുടിയിഴകൾ ചേർത്തു വെച്ചുകൊണ്ട് അവൾ വാച്ചിലേക്കു നോക്കി ഏഴര കഴിഞ്ഞിരിക്കുന്നു ബാഗിൽ നിന്നും മൊബൈൽ എടുത്ത് വീട്ടിലേക്കാണെന്നു തോന്നുന്നു വിളിക്കുന്നുണ്ടായിരുന്നു
ഹലോ അമ്മേ വണ്ടി ബ്ളോക്കിൽ ആണ്........ഹലോ അമ്മേ ഹലോ കേൾക്കുന്നുണ്ടോ ..... കാൾ കട്ടായി സ്ക്രീനിൽ കറുപ്പ് ചാർജു തീർന്ന് ഓഫ് ആയിപോയതാണ്. നാശമെന്ന് പറഞ്ഞു കൊണ്ട് ഫോൺ ബാഗിലേക്കിട്ടു.ഇതാ വിളിച്ചോളൂ എന്നു പറഞ്ഞ് എന്റെ ഫോൺ നീട്ടിയാലോ എന്നു കരുതിയതാണ് പിന്നെ പ്രതികരണം ഏങ്ങനെയാകും എന്നത് എന്റെ സാഹസത്തിനു എതിരു നിന്നു.
ആ ഫോൺ ഒന്നു തരാമോ വീട്ടിലേക്കു വിളിക്കാൻ ആയിരുന്നു. അവളുടെ ആ ചോദ്യം എന്നെ ചിന്തയിൽ നിന്നും ഉണർത്തി .
എന്താ? എന്താ ചോദിച്ചേ കേട്ടില്ല ഞാൻ പറഞ്ഞു.
ഫോൺ ,ചേട്ടന്റെ ഫോണോന്നു തരാമോ? വീട്ടിലേക്കു വിളിക്കാൻ ആയിരുന്നു.
അതിനെന്താ വിളിച്ചോളൂ ലോക്ക്‌ മാറ്റി ഫോൺ അവൾക്കു നേരെ നീട്ടി. ചിരിച്ചുകൊണ്ട് അവളതു വാങ്ങി. നമ്പർ ഡയല് ചെയ്തു.
അമ്മേ ആതിരയാ റോഡു മുഴുവൻ ബ്ലോക്ക് ആണ് വരാൻ ഇത്തിരി വൈകും അച്ഛനോട് സ്റ്റോപ്പിലേക്ക് വരാൻ പറയണം. എന്റെ ഫോൺ ഓഫ് ആണ് അത് കൊണ്ട് വിളിച്ചാൽ കിട്ടില്ല.അതും പറഞ്ഞു അവൾ ഫോൺ കട്ട് ചെയ്ത് എനിക്കെതിരെ നീട്ടി തന്നതിന് ഒരു നന്ദിയും പറഞ്ഞു.
സെറ്റുമുണ്ടും മുല്ലപ്പൂവും താലവും എല്ലാം എന്നും കണ്ണിനു കുളിർമ തന്നെയാണ്!എന്താ ഒരു ഭംഗി മനസ്സിൽ ഓർത്തു. എന്നിട്ട് അവളെ ഒന്ന് പാളി നോക്കി.പുറം കാഴ്ചകൾ കണ്ടിരിക്കയാണ് ഒന്ന് പരിചയപ്പെട്ടലോ മനസ്സിൽ ആലോചിച്ചു.
എന്താ ഇങ്ങനെ നോക്കുന്നേ കണ്ടിട്ടു ഇഷ്ടമായൊ ഞാൻ ചോദിച്ചു.
എംഎം ഒന്നിരുത്തി മൂളുക മാത്രം ചെയ്‌തു.എന്നിട്ടു പറഞ്ഞു ഞാൻ ആദ്യമായിട്ട് കാണുകയില്ല എന്റെ വീട് ഇരിക്കുന്നതിന്റെ അടുത്ത് തന്നെ ചെറുതും വലുതുമായ മൂന്നാല് അമ്പലങ്ങൾ ഉണ്ട്.അവിടെയൊക്കെ ഉത്സവത്തിന് താലം എടുക്കാറൂമുണ്ട്. പിന്നെ ഞങ്ങളീ തൃശ്ശൂകാർക്ക് പൂരം പെരുന്നാൾ എന്നൊക്കെ പറഞ്ഞാൽ ചോരയിൽ അലിഞ്ഞതാ അതുകൊണ്ടു എത്ര കണ്ടാലും ഇഷ്ട്ടാ അതു കൊണ്ടു കളിയാക്കാൻ നോക്കണ്ട അവൾ പറഞ്ഞു നിർത്തി.
അപ്പൊ "തൃശ്ശൂക്കാരിയാണല്ലേ" ഞാനല്പം ആവേശത്തോടെ ചോദിച്ചു
അതിനവളുടെ മറുപടി പുരികം പൊക്കിയുള്ള ഒരു നോട്ടമായിരുന്നു. അതെന്താ തൃശൂക്കാരിപെണ്ണിന് കൊമ്പുണ്ടോ എന്നതായിരുന്നു ആ നോട്ടത്തിന്റെ അർത്ഥം.
പിന്നെ സംസാരിച്ചും ഇതുപോലെ ഇടയ്ക്കുള്ള നോട്ടങ്ങളിലൂടെയും ഞങ്ങൾ ആ യാത്ര പിന്നിട്ടുകൊണ്ടിരുന്നു.
അതിനിടയിൽ ഞങ്ങൾ പരസ്പരം പരിചയപ്പെട്ടു .
പേര് ആതിരയെന്നാണെന്നും എറണാകുളത്തു ഒരു പ്രൈവറ്റ് കമ്പനിയിൽ അക്കൗണ്ടന്റ് ആയി ജോലി ചെയ്യുകയാണെന്നും രണ്ടു ദിവസം കഴിഞ്ഞാൽ വീട്ടിൽ ഒരു ഫങ്ഷൻ ഉണ്ടെന്നും അതു കൊണ്ടു വീട്ടിൽ പോകുകയാണ് എന്നും പറഞ്ഞു.
അൽപ്പ നേരത്തെ പരിചയം മാത്രമേ ഉണ്ടായിരുന്നുള്ളു എങ്കിലും കുറെ സംസാരിച്ചതുകൊണ്ടു ഒരു അടുപ്പം തോന്നിയിരുന്നു .ഇറങ്ങാൻ ഉള്ള സ്റ്റോപ് ആകാറയപ്പോൾ അവൾ എഴുന്നെറ്റു നമ്പർ വാങ്ങണമെന്നുണ്ടായിരുന്നെങ്കിലും ചിലപ്പോൾ ഇത്ര നേരംകൊണ്ടു ഉണ്ടാക്കിയ ഇമേജ് പോകുമോ എന്നു ഭയന്നു അതിനു തുനിഞില്ല. എന്നാൽ ഈ ചിന്തകളെ മറി കടന്നുകൊണ്ട് അവൾ എന്നോട് എന്റെ വിസിറ്റിങ് കാർഡ് ഉണ്ടോ എന്ന് ചോദിച്ചു. അറിവിൽ നിങ്ങൾക്ക് പറ്റിയ വർക് വല്ലതും വരുകയാണെങ്കിൽ സജ്ജസ്റ്റ് ചെയ്യാം ക മ്മിഷൻ തന്നാൽ മതി അവൾ ചിരിച്ചുകൊണ്ടു പറഞ്ഞു.
പേഴ്സിൽ നിന്നും കാർഡെടുത്തു അവൾക്കു നേരെ നീട്ടി. കൈനീട്ടി അതു വാങ്ങി അതിൽ എഴുതിയിരിക്കുന്ന പേര് അവൾ മനസ്സിൽ വായിച്ചു "Heart beats events & wedding planners " ഒരു നനുത്ത ചിരിയോടെ അവൾ മറുപടി പറഞ്ഞു.
അപ്പോ ശെരി മാഷെ എപ്പോഴെങ്കിലും വീണ്ടും കാണാം.അവൾ യാത്ര പറഞ്ഞിറങ്ങി.ബസ്സിറങ്ങി അച്ഛന്റെ അടുത്തെക്കു പോകുന്നത് കണ്ടുകൊണ്ട് ബസ്സിനൊപ്പം മുന്നോട്ടു നീങ്ങി....................
തുടരും
####രോഹിത്‌####

അഭിപ്രായങ്ങള്‍