കുടുകുടെ ചിരിപ്പിക്കാന്‍ ഷാജിപാപ്പനും പിള്ളേരും വീണ്ടും തിയേറ്ററുകളിലേക്ക്; ഇടം വലം നോക്കാതെ എത്തുമെന്ന് ആരാധകർ
പ്രേക്ഷകരില്‍ ചിരിയുടെ മാലപടക്കം തീര്‍ത്ത ജയസൂര്യ നായകനായെത്തിയ ആട് ഒരു ഭീകരജീവിയാണ് എന്ന ചിത്രം വീണ്ടും തീയേറ്ററുകളിലെത്തുന്നു. ഷാജി പാപ്പന്റെയും പിള്ളേരുടെയും രണ്ടാം വരവിനെ സംബന്ധിച്ച് സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസ് തന്നെയാണ് പ്രേക്ഷകരുമായി പങ്കുവെച്ചത്.
കേരളമെമ്പാടുമുള്ള 51 തിയേറ്ററുകളിലാണ് ആട് ഒരു ഭീകരജീവിയാണ് റിലീസ് ചെയ്യുക. മലയാളത്തിലെ ഏറ്റവും വലിയ റീറിലീസ് ഈ ചിത്രത്തിനാണെന്നും മിഥുന്‍ മാനുവല്‍ തോമസ് പറയുന്നു. ചിത്രത്തിന്റെ തീയേറ്റര്‍ ലിസ്റ്റ് വൈകാതെ പുറത്തുവിടുമെന്നും മിഥുന്‍ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
ആട് ഒന്നാം ഭാഗത്തിന് വേണ്ട രീതിയില്‍ തിയേറ്ററില്‍ തിളങ്ങാന്‍ കഴിഞ്ഞിരുന്നില്ല. എന്നാല്‍ ചിത്രം പിന്നീട് കണ്ടവരെല്ലാം ഷാജിപാപ്പന്റെ ആരാധകരായി മാറുകയായിരുന്നു. ജയസൂര്യയുടെ സിനിമാ ജീവിതത്തില്‍ ഏറെ പ്രശംസ നേടികൊടുത്ത കഥാപാത്രമാണ് ആട് ഒരു ഭീകരജീവിയിലെ ഷാജിപാപ്പന്‍. ചിത്രത്തിന്റെ രണ്ടാംഭാഗം കഴിഞ്ഞ വര്‍ഷം അവസാനത്തോടെയാണ് തിയേറ്ററുകളിലെത്തിയിരുന്നത്.
ചിത്രത്തിന് റെക്കോര്‍ഡ് വിജയം നല്‍കിയാണ് ഷാജി പാപ്പന്റെ രണ്ടാം വരവിനെ പ്രേക്ഷകര്‍ ആഘോഷമാക്കിയത്. ജയസൂര്യയ്ക്ക് പുറമെ ധര്‍മ്മജന്‍ ബോള്‍ഗാട്ടി, സൈജു കുറുപ്പ്, സണ്ണി വെയ്ന്‍, വിനായകന്‍, വിജയ് ബാബു, സാന്ദ്ര തോമസ്, തുടങ്ങിയ നീണ്ട നിരയും ചിത്രത്തില്‍ അണിനിരന്നിരുന്നു.


അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ