കറുകപ്പുല്ലുകൾ പരവതാനി വിരിച്ച സ്വപ്നങ്ങളുടെ ആ താഴ്വരയിൽ നിന്നും നോക്കുമ്പോൾ, മലഞ്ചെരിവിലെ കാറ്റാടി യന്ത്രങ്ങൾ പതിവില്ലാതെ കാഴചക്കാരെ പോലെ നിശ്ചലമായി നിൽക്കുന്നത് കാണാം.പുല്ലുകളിൽ ഒട്ടിയിരിക്കുന്ന മഞ്ഞുകണങ്ങൾ ഇളവെയിലിൽ പവിഴമുത്തുകൾ കണക്കെ തിളങ്ങി.പൂക്കാലം മറക്കാത്ത കൊങ്ങിണികളുടേയും എരിക്കിൻ തൈകളുടേയും ഇലകളിലൂടെ മഞ്ഞുകണങ്ങൾ അലിഞ്ഞ് ചാലിടാൻ തുടങ്ങിരിക്കുന്നു. മഞ്ഞയും വയലറ്റും നിറത്തിലുള്ള ഡാലിയകളും കാട്ടുചെത്തികൾ വിരിയിച്ച ചുവന്ന പൂക്കളും, അൽപം നാണത്തോടെ പുലർക്കാലത്തെ ഇളം കാറ്റിനെയും പ്രതീക്ഷിച്ചു നിൽപ്പാണ്. ഇടവിട്ട് നിൽക്കുന്ന കാറ്റാടി മരങ്ങളും അക്വേഷ്യയും,ദൂരെ നിന്നും ഡാലിയകളിൽ നേരമ്പോക്കിനെത്താറുള്ള ചിത്രശലഭങ്ങൾ വരുന്നുണ്ടോയെന്ന് എത്തിനോക്കുകയാണ്..
അൽപം ദൂരെയായി രണ്ടു വെള്ളപ്പറവകൾ എന്തിനേയോ കൊത്തിപ്പറിക്കുന്നു. അയാൾ താഴ്വരയിലെ പുല്ലുകൾക്കിടയിൽ കണ്ട ചെമ്മണ്ണ് തെളിഞ്ഞ വഴിച്ചാലിലൂടെ അതിനടുത്തേക്ക് നീങ്ങി.ഉടമസ്ഥനില്ലാതെ അവിടെ മേഞ്ഞുനടന്ന ഒരു പറ്റം കോലാടുകൾ അയാളെക്കണ്ടതും ദൂരേക്ക് നീങ്ങി നീങ്ങിപ്പോയി.. അടുക്കും തോറും ആ വെളുത്ത പക്ഷികൾക്ക് വലിപ്പം കൂടുന്നതയാൾ തിരിച്ചറിഞ്ഞു. ഏതാനും വാരകൾക്കപ്പുറം നിന്ന് കണ്ട ആ കാഴ്ചയോട് വിശ്വാസം വരാത്തത് കൊണ്ടാകണം, അയാൾ കൈകൾ കൊണ്ട് കണ്ണുകൾ ഒന്നുകൂടി തിരുമ്മി മിഴിച്ചു നോക്കി.വെള്ളത്തൂവലുകൾ നിറഞ്ഞ മനുഷ്യരൂപമുള്ള രണ്ടു മാലാഖകൾ ചിറകുകൾ വിരിച്ചു കൊണ്ട് ഒരു വെള്ളിത്തളിക കൈവശമാക്കാനുള്ള വെമ്പലിലാണ്. ചുവപ്പും വെളുപ്പും റോസാപുഷ്പങ്ങൾ നിറഞ്ഞ ആ വെള്ളിത്തളികയുടെ നടുവിൽ വെള്ളത്തുണികൊണ്ട് എന്തോ മൂടിവച്ചിരിക്കുന്നു. അവരുടെ പിടിവലിയിൽ വെള്ളത്തുണി അൽപം അരികിലേക്ക് തെന്നിമാറിയിരിക്കുന്നതിൽ നിന്നും അകത്തെ മാംസപിണ്ഡത്തെ അയാൾ കണ്ടു.തളികയുടെ ഉയർന്ന വക്കുകളിൽ കറുത്ത തെളിമയാർന്ന അക്ഷരങ്ങൾ കൊണ്ട് സ്റ്റീഫൻ എന്ന് എഴുതിയിരിക്കുന്നു.
"അയ്യോ!!. ഇത് ഇന്ന് വെളുപ്പിന് മരണപ്പെട്ട ഡോക്ടർ സ്റ്റീഫന്റെ ആത്മാവല്ലേ?."
അയാൾ അർദ്ധാത്മഗതം പറഞ്ഞു.
അയാൾ അർദ്ധാത്മഗതം പറഞ്ഞു.
ദുഃഖ - സന്തോഷാത്മാക്കളുടെ വാഹകരായ മാലാഖമാർക്കിടയിൽ ആത്മാവിനു വേണ്ടിയുള്ള അവകാശവാദം നടക്കുകയാണെന്നയാൾ മനസ്സിലാക്കി. വ്യക്തമായ നിഗമനങ്ങളിലെത്താനുള്ള ചുണ്ടുപലകകൾ തേടി അയാൾ ഡോക്ടർ സ്റ്റീഫന്റെ വീട്ടിലേക്ക് പോകാനായി താഴ്വരയിൽ നിന്നും അരികിലൂടെയുള്ള ഒറ്റയടിപ്പാതയിലൂടെ താഴേക്ക് നടന്നു.ഇടക്ക് തിരിഞ്ഞു നോക്കുമ്പോൾ മാലാഖകൾ അപ്പോഴും ആത്മാവിനായുള്ള പിടിവലിയിലാണെന്നയാൾ കണ്ടു.
ഒറ്റയടിപ്പാത ചെന്നെത്തിയ ടാറിട്ട റോഡിലൂടെ അയാൾ വേഗത്തിൽ സ്റ്റീഫന്റെ വീട് ലക്ഷ്യമാക്കി മുന്നോട്ട് നീങ്ങി.മനസ്സിനകത്ത് മുളച്ചുപൊന്തിയ നിരവധി ചോദ്യങ്ങളുടെ പിരിമുറുക്കങ്ങളും റോഡിലെ ഇടക്കിടെയുള്ള കയറ്റിറക്കങ്ങളും അയാളുടെ നടത്തത്തിന് കൂടുതൽ കിതപ്പ് സമ്മാനിച്ചു.പെട്ടെന്ന് അയാൾക്ക് മുന്നിലൂടെ ഒരു ലോറി പാഞ്ഞ് പോയി.അതിൽ നിറയെ മാടുകളെ കുത്തിനിറച്ചിരുന്നു.പുറകു വശത്ത് നിന്നിരുന്ന രണ്ടു കാളകളും ഒരു പശുവും പുറത്ത് ചാടാനോ ശരീരമനക്കാനോ കഴിയാതെ ചുറ്റും കെട്ടിയിരിക്കുന്ന കവുങ്ങിൻ വാരികൾക്ക് ഇടയിലൂടെ തല മാത്രം പുറത്തിട്ട് കണ്ണുകൾ മിഴിച്ചു കൊണ്ട് അയാളെ നോക്കുന്നുണ്ടായിരുന്നു.നടുവിൽ നിന്ന ഒറ്റക്കൊമ്പൻ കാളയുടെ നീലനിറവും, ഉതിർന്നു വീഴാൻ വെമ്പുന്ന കടക്കണ്ണുകളിലെ തളം കെട്ടിയ കണ്ണുനീരും എന്തോ ഒരു ദൃഷ്ടാന്തം പോലെ അയാൾക്ക് തോന്നി.ഇരു വശങ്ങളിലായി നിന്നിരുന്ന ഒരു വെളുത്ത പശുവും ചെമ്പൻ കാളയും ആ ഒറ്റക്കൊമ്പനെ ഞരുക്കുന്നുണ്ടായിരുന്നു. തളർത്താൻ നോക്കിയ കിതപ്പിനോട് സമരം ചെയ്തു കൊണ്ടയാൾ നടപ്പിന് വേഗത കൂട്ടി.നടപ്പിലുടനീളം സ്റ്റീഫന്റെ കേട്ടറിഞ്ഞ ജീവിത കഥകൾ ഓരോന്നായി അയാൾക്കുള്ളിലൂടെ കയറിയിറങ്ങുകയായിരുന്നു.
ഇട്ടുമൂടാൻ തക്ക കുടുംബസ്വത്തും ഉന്നത വ്യക്തിത്വവും കൈമുതലായ സ്റ്റീഫന്റെ സൗഭാഗ്യങ്ങൾക്കിടയിലെ കല്ലുകടിയായിരുന്നു, ഇഴയടുപ്പം നഷ്ട്ടപ്പെട്ട് പിന്നിത്തുടങ്ങിയ ഡോക്ടർ ആനിയുമൊത്തുള്ള ദാമ്പത്യം..കെട്ട് കഴിഞ്ഞ് വർഷം അഞ്ചാറായിട്ടും ആനിക്ക് തന്റെ അംഗലാവണ്യത്തോടുള്ള അടങ്ങാത്ത പ്രണയം കുട്ടികളുടെ കരച്ചിൽ കേൾക്കാത്ത ഭവനമാക്കി ആ വലിയ ബംഗ്ലാവിനെ മാറ്റുകയായിരുന്നു.സോഷ്യൽ സ്റ്റാറ്റസിന്റെ കപടമുഖങ്ങൾ മിനുക്കാനായുള്ള ആനിയുടെ നിശാക്ലബ്ബുകളിലെ നിത്യ സന്ദർശനം ക്ഷണിച്ചു വരുത്തിയ ദാമ്പത്യ പിണക്കങ്ങൾ, ഇടവപ്പാതിയിലെ മഴയും തോർച്ചയും പോലെ ഇടമുറിയാതെ വന്നു പോയിക്കൊണ്ടിരുന്നത് വീട്ടുജോലിക്കാരി ഏലിക്കുട്ടിയുടെ കൊച്ചുവർത്താനമായി നാട്ടിൽ ചുറ്റി സഞ്ചരിച്ചിരുന്നു.സജാതീയ കാന്തിക ധ്രുവങ്ങളെപ്പോലെ ആ ബന്ധം അകലാൻ തുടങ്ങിയത് ചെന്നു നിന്നത് പിരിയാനുള്ള അവരുടെ തീരുമാനത്തിൽ ആയിരുന്നു.എന്നാൽ കഴിഞ്ഞ കുറച്ചു നാളുകളിലെ ഒറ്റതിരിഞ്ഞ താമസങ്ങൾക്കൊടുവിൽ,പിണക്കങ്ങളുടെ മെഴുകുതിരികളെ കുത്തിക്കെടുത്തി വീണ്ടുമവർ ഒരുമിച്ച് താമസിക്കാൻ തുടങ്ങിയിട്ട് കഷ്ടിച്ച് ഒരു മാസം തികഞ്ഞില്ല. അപ്പോഴേക്കും വൈകിത്തുടങ്ങിയ ആ സന്തുഷ്ട ജീവിതത്തിലേക്ക് മരണമെന്ന രസംകൊല്ലി പാഞ്ഞെത്തുകയായിരുന്നു.
"എങ്കിലുമെന്തേ....., ആത്മാവ് സന്തോഷവാനായല്ലേ ഇവിടം വിട്ടത്.?" അയാൾ സ്വയം ചോദിച്ചു..
വലിയ ചുറ്റുമതിലുകളോട് ബന്ധിച്ച കമാനാകൃതിയിലെ കറുത്ത ഗേറ്റ് കണ്ടതും അയാൾ നടത്തത്തിന് വേഗത കുറച്ചു.ഇതാ സ്റ്റീഫന്റെ വീടെത്തിയിരിക്കുന്നു.മുക്കിലും മൂലയിലും ശവത്തെ അവസാനമായി കാണാനെത്തിയവരുടെ തിരക്കും, നിരനിരയായി ഒതുക്കിയിട്ടിരിക്കുന്ന ആഡംബര കാറുകളും, റോഡിനെ വല്ലാതെ ശ്വാസം മുട്ടിക്കുന്നതായി അയാൾക്ക് തോന്നി.മുറ്റം മുഴുവനുമായി വിരിച്ചിരിക്കുന്ന ഷാമിയാനക്കകത്ത് ഭാര്യ ആനിയുടേയും ബന്ധുക്കളുടേയും സങ്കടങ്ങൾ ആകാശത്തേക്ക് ഉയർത്തപ്പെടാതെ തളം കെട്ടി നിൽക്കുകയാണ്.ചാരയും കറുപ്പും നിറത്തിലുള്ള കോൺക്രീറ്റ് കട്ടകൾ പാകിയ മുറ്റത്തിന് അരികിൽ ചട്ടികളിലായി പല നിറത്തിലുള്ള ബോഗൺവില്ലകളും ഓർക്കിഡും നിരത്തിയിരിക്കുന്നു. അൽപം ഉയർത്തിക്കെട്ടിയ സിമന്റ് തറകളിൽ, ടെറാകോട്ട് അടിച്ച് മനോഹരമാക്കിയ ചെടിച്ചട്ടികളിൽ വിവിധയിനം റോസാച്ചെടികൾ വെള്ളം കിട്ടാനായി കൊതിച്ചു നിൽക്കുകയാണ്.കുടുംബ സുഹൃത്തും സ്റ്റീഫൻ ജോലി ചെയ്തിരുന്ന അതേ ആശുപത്രിയിലെ മുതിർന്ന ഹൃദ്രോഗ വിദഗ്ദ്ധനുമായ ഡോക്ടർ മാത്യൂസ് തരകൻ കുടുംബാംഗങ്ങൾക്കൊപ്പം കാര്യങ്ങളെ നിയന്ത്രിക്കുന്നുണ്ട്.
നാൽപത് വയസു തികയും മുൻപ് ഹൃദയമിടിപ്പു നിന്ന അനന്തരവൻ സ്റ്റീഫന്റെ മരണത്തിന്റെ സാക്ഷ്യപത്രം, മറ്റാരോടോ വിവരിക്കുന്ന അമ്മാവന്റെ വാക്കുകളെ അയാൾ സശ്രദ്ധം ശ്രവിച്ചു.ഉയർന്ന രക്തസമ്മർദ്ദം കൂടെ കൊണ്ട് നടന്ന സ്റ്റീഫൻ ജീവിതം തനിക്ക് നൽകിയ തിരിച്ചടികളിൽ നഷ്ട്ടപ്പെട്ടു പോയ സുഖനിദ്രകളെ തിരിച്ചുപിടിക്കാൻ കൂട്ടുപിടിച്ച മദ്യവും ഉറക്കഗുളികകളും ഒടുവിൽ അയാളുടെ മരണമണി മുഴക്കി എന്ന് വിശദീകരിക്കുന്നതയാൾ കേട്ടു.
"തലേ ദിവസം രാത്രി അളവിൽ കൂടുതൽ ഉറക്കഗുളികകൾ കഴിച്ചു പോലും.." അമ്മാവന്റെ വാക്കുകൾ ഇടറുന്നത് പോലെ അയാൾക്ക് തോന്നി.
"അപ്പോൾ ഇനി ആനി?"
കേട്ടു നിന്നയാൾ അമ്മാവനോട് സങ്കട രൂപേണ ചോദിച്ചു.
" അവളുടെ കാര്യമാലോചിക്കുമ്പോഴാ.. ഒത്തിരി വർഷങ്ങൾക്കു ശേഷം കുറച്ച് നാളായി അവളിൽ സന്തോഷം കാണാൻ തുടങ്ങിയതാണ്.അപ്പോൾ കർത്താവ് ഇങ്ങനെ ഒരു ചതി ചെയ്തു.. ആഹ്...സ്വർഗ്ഗസ്ഥന്റെ തീരുമാനം മനുഷ്യർക്ക് തിരുത്താനാകില്ലല്ലോ.. കർത്താവ് എല്ലാം ക്ഷമിക്കാനും സഹിക്കാനും അവൾക്ക് ശക്തി നൽകട്ടെ."..
ഇങ്ങനെ പ്രാർത്ഥിച്ചു കൊണ്ട് അമ്മാവൻ ,ഇറ്റുവീണ കണ്ണീർ തുള്ളികളെ ഉടുമുണ്ടിന്റെ കോന്തല കൊണ്ട് ഒപ്പിയെടുത്തു.
ഇത് കേട്ടുകൊണ്ട് അയാൾ മുറ്റത്തു നിന്നും അൽപം അകത്തേക്ക്, കോലായിൽ കിടക്കുന്ന പരേതന്റെയടുക്കലേക്ക് നീങ്ങി..
"ഓഹ്!.എന്തായാലും ഒരു കാര്യം ഉറപ്പായി. റൂഹ് പിരിയും മുൻപ് ഡോക്ടർ സ്റ്റീഫൻ സന്തോഷവാനായിരുന്നു..അപ്പോൾ സ്റ്റീഫന്റെ ആത്മാവ് സന്തോഷത്തിന്റെ മാലാഖക്ക് അവകാശപ്പെട്ടതു തന്നെ."
അയാൾ മനസിൽ കരുതി.
കുന്തിരിക്കത്തിന്റേയും പനിനീരിന്റെയും കൂടിക്കലർന്ന ഗന്ധം അയാൾക്ക് വല്ലാത്ത ഒരു മനംപിരട്ടൽ നൽകുന്നുണ്ടായിരുന്നു. സ്റ്റീഫനെ കിടത്തിയ ശവപ്പെട്ടിക്കരികിലെ മേശപ്പുറത്ത് തിരുപുസ്തകവും അതിനോട് ചേർന്ന് മൂന്നു - നാല് മെഴുകുതിരികളും കത്തിച്ചു വച്ചിരിക്കുന്നു..ഇളം റോസ് നിറത്തിലുള്ള കോട്ടൺ സാരി തല വഴി ചുറ്റിയ ആനിയുടെ കണ്ണുകൾ തോരാതെ പെയ്യുന്ന കർക്കിടകക്കാറു പോലെ മിഴിനീർ വാർക്കുന്നതയാൾ കണ്ടു.അപ്പോഴും ഡോക്ടർ മാത്യൂസ് പരേതനെ കാണാൻ വരുന്നവരുടെ തിരക്കിനെ നിയന്ത്രിക്കുകയാണ്.
നാളുകൾക്ക് ശേഷം സന്തോഷം വീണ്ടു കിട്ടിയ സ്റ്റീഫന് ഇത്രയും ഉറക്കഗുളികൾ കഴിക്കാനുണ്ടായ ചേതോവികാരം മനസിലാകാതെ അയാൾ ഒരു മൂലയിലേക്ക് മാറി നിന്നു.ആനിയെ നോക്കാൻ ശക്തിയില്ലാതിരുന്നിട്ടും അയാൾ അവളെയൊന്നു നോക്കി.നിലത്ത് വിരിച്ചിരിക്കുന്ന ഇറ്റാലിയൻ ഗ്രാനൈറ്റിൽ ഇരുന്നു കൊണ്ട് അടുത്തുള്ള ടീപ്പായിയിൽ മുഖമർത്തിക്കരയുന്ന അവളെ നോക്കിയപ്പോൾ ഉള്ളിൽ ഒരു മരവിപ്പ് അയാൾക്ക് തോന്നി.നിലത്ത് വിതറിക്കിടന്ന സാരിയുടെ ഞൊറിവുകളിൽ അങ്ങിങ്ങായി ചിതറിയ പാടുകളിൽ പഞ്ചസാരയുറുമ്പുകൾ അരിക്കുന്നത് അവൾ അറിയുന്നുണ്ടായിരുന്നില്ല. ഉറുമ്പുകളേയും സാരിയിൽ പറ്റിയ പാടുകളേയും മാറി മാറി നോക്കിയപ്പോൾ തലേ ദിവസം രാത്രി സ്റ്റീഫൻ കുടിച്ച പാൽ ഗ്ലാസിൽ നിന്നും തുളുമ്പിയ പാല് ബാക്കിയാക്കിയ പാടുകൾ തന്നോട് എന്തോ മന്ത്രിക്കും പോലെ തോന്നിയയാൾക്ക്.
" അപ്പോൾ ആ പാലിൽ ആയിരുന്നോ ഉറക്കഗുളികകൾ ...........??"
ആത്മഗതം പറഞ്ഞു കൊണ്ടയാൾ ഡോക്ടർ മാത്യൂസിനെ നോക്കുമ്പോൾ മാത്യൂസ് ആനിയുടെ ചെവിയിൽ എന്തോ പറയുന്നുണ്ടായിരുന്നു.ആനി മുഖമുയർത്തി മാത്യൂസിനെ നോക്കുമ്പോൾ അവരുടെ കണ്ണുകൾ എന്തൊക്കെയോ രഹസ്യങ്ങൾ പങ്കുവക്കുന്നത് പോലെ അയാൾക്ക് തോന്നി.
മനസ്സിലേക്ക് കടന്നു വന്ന ചോദ്യങ്ങളുടെ ചേരുംപടി ചേർക്കാനുള്ള ഉത്തരസൂചികകളുമായി,അയാൾ വേഗം ആ മണിമാളികയിൽ നിന്നും പുറത്തിറങ്ങി താഴ്വര ലക്ഷ്യമാക്കി നീങ്ങി. ആകാശത്തിലെ മൂടിക്കെട്ടിയ മഴക്കാറുകൾക്കിടയിൽ സൂര്യൻ ഒളിച്ചുകളിക്കുന്നത് അയാൾ ശ്രദ്ധിച്ചു. പെട്ടെന്ന് അയാൾക്ക് മുൻപിലൂടെ കറുത്ത വസ്ത്രധാരികളായ കിളരം കൂടിയ രണ്ടു മനുഷ്യ രൂപങ്ങൾ കൈകളിൽ ചൂരൽ പിടിച്ചു കൊണ്ട് ഓടുന്നത് കണ്ടു. അവർക്കിടയിൽ നിന്നും ആ ഒറ്റക്കൊമ്പൻ കാള സ്വതന്ത്രനായി ഓടിപ്പോകുമ്പോൾ അതിന്റെ നീല നിറം കുടും വെളുപ്പായി മാറിയിരുന്നു. ആ മനുഷ്യ രൂപങ്ങൾക്ക് ഡോക്ടർ മാത്യൂസിന്റെയും ആനിയുടേയും മുഖമായിരുന്നു.
റോഡിൽ നിന്നും അയാൾ താഴ്വരയിലേക്കുള്ള ഒറ്റയടിപ്പാതയിലേക്ക് കടന്നു..ഒറ്റയടിപ്പാതയിലെ സ്നേഹപ്പുല്ലുകളും കൊന്തൻ പുല്ലുകളും അയാളുടെ പാന്റിൽ പറ്റിപ്പിടിക്കാൻ തിടുക്കം കൂട്ടി.റബർ ചെരുപ്പിൽ കയറിക്കൂടിയ പുല്ലുകളിലെ നനവ്, നടപ്പിന് വേഗത കൂട്ടാനൊരുങ്ങിയ അയാളുടെ കാലുകളെ വഴുക്കി മാറ്റുന്ന പിന്തിരിപ്പൻ ശക്തികളെപ്പോലെ പെരുമാറി. ഒടുവിൽ അയാൾ സ്വപ്നങ്ങളുടെ ആ മനോഹര താഴ്വരയിൽ തിരിച്ചെത്തി.മാലാഖമാരുടെ തർക്ക സ്ഥലത്തേക്ക് അയാൾ എത്തി നോക്കി. അപ്പോൾ ദുഃഖത്തിന്റെ മാലാഖ ആത്മാവിന്റെ തളികയേന്തി വെള്ളിമേഘങ്ങൾ കീറിക്കൊണ്ട് പറന്നുയരാൻ തുടങ്ങിയതയാൾ കണ്ടു. പതിയെ വീശാൻ തുടങ്ങിയ ഇളം കാറ്റ് ഡാലിയകളെ സന്തോഷിപ്പിക്കുകയും മലഞ്ചെരിവിലെ കാറ്റാടി യന്ത്രത്തെ തിരിക്കുകയും ചെയ്യുന്നുണ്ടായിരുന്നു.
------------------------_----------------------_----------------
"എടാ ജോസൂട്ടി. നീ ഒന്ന് വേഗം എഴുന്നേക്കടാ "
അമ്മച്ചിയുടെ വിളി കേട്ട് ജോസ് ഉറക്കത്തിൽ നിന്നും ഞെട്ടി എഴുന്നേറ്റു.
"എടാ.. മാളികേലേ ആ ഡോക്ടർ പുലർച്ചെ മരിച്ചൂന്ന്.. അറ്റാക്കാണെന്നാ കേട്ടേ.. നീയൊന്നവിടം വരേ കേറിയേച്ച് പോര്. അമ്മച്ചിക്ക് പിടിപ്പത് പണി കിടക്കുവാ."
"അപ്പോൾ താൻ കണ്ട സ്വപ്നം?"
ജോസ് ഷർട്ടും മുണ്ടും മാറുന്നതിനിടയിൽ ആലോചിച്ചു.
മരണവീടിന്റെ അടുത്തെത്തിയ ജോസ് ഗേറ്റിന് മുൻവശത്തെ ആ കാഴ്ച കണ്ട് ഞെട്ടി...ഒരു പോലീസ് ജീപ്പിൽ ഒരു പറ്റം പോലീസുകാർ എന്തിനോ വേണ്ടി അവിടെ കാത്ത് കിടക്കുന്നു. ഡോക്ടർ സ്റ്റീഫന്റെ ഭൗതികപിണ്ഡം കല്ലറയിലേക്കുള്ള യാത്രക്ക് ഒരുങ്ങിക്കിടക്കുന്നത് ദൂരെ നിന്നും കണ്ടുകൊണ്ട് ജോസ് മുറ്റത്തേക്ക് നടന്നു കയറി..
ജോസ് ഷർട്ടും മുണ്ടും മാറുന്നതിനിടയിൽ ആലോചിച്ചു.
മരണവീടിന്റെ അടുത്തെത്തിയ ജോസ് ഗേറ്റിന് മുൻവശത്തെ ആ കാഴ്ച കണ്ട് ഞെട്ടി...ഒരു പോലീസ് ജീപ്പിൽ ഒരു പറ്റം പോലീസുകാർ എന്തിനോ വേണ്ടി അവിടെ കാത്ത് കിടക്കുന്നു. ഡോക്ടർ സ്റ്റീഫന്റെ ഭൗതികപിണ്ഡം കല്ലറയിലേക്കുള്ള യാത്രക്ക് ഒരുങ്ങിക്കിടക്കുന്നത് ദൂരെ നിന്നും കണ്ടുകൊണ്ട് ജോസ് മുറ്റത്തേക്ക് നടന്നു കയറി..

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ