പക്ഷേ ഇന്ന് ആകെ ഒരു മൂകതയാണ്.. തൊട്ടടുത്ത ശിവക്ഷേത്രത്തിൽ നിന്നും ഭഗവാന്റെ ഉണർത്തുപാട്ട് കോളാമ്പിയിലൂടെ നാലു ദിക്കിലേക്കും പ്രവഹിക്കുന്നു.. ദൂരെ ചരക്ക് നീക്കം നടത്തുന്ന കപ്പൽ രാവിലത്തെ വേലിയേറ്റത്തിന്റെ ആനുകൂല്യത്തിൽ നടുക്കടലിലേക്കുള്ള യാത്രക്കൊരുങ്ങുന്നു. ശിവക്ഷേത്ര മുറ്റത്തെ ശുചീകരണ പ്രവർത്തനങ്ങൾക്ക് നിയന്ത്രണം നൽകുന്ന കമ്മിറ്റിക്കാരന്റെ മേൽ മുണ്ടിൽ കർപ്പൂരം മണക്കുന്നുണ്ട്.. അയാളുടെ നെറ്റിയിലെ ചന്ദനക്കുറിക്ക് പതിവിൽ കൂടുതൽ വലിപ്പവും തെളിമയും ഉള്ളത് പോലെ...
പക്ഷേ ഭഗവാൻ പരിഭവത്തിലാണ്.. തിരുനടയുടെ മുൻപിലെ ഒറ്റക്കൽ വിളക്കിലെ തിരികൾ അങ്ങിങ്ങായി അണഞ്ഞിരിക്കുന്നു..
എണ്ണ നിറഞ്ഞിട്ടും കാറ്റ് പിണക്കംകുത്തി നിന്നിട്ടും കൽവിളക്കിലെ പ്രഭയില്ലായ്മ ഭഗവാന്റെ പ്രസാദമില്ലായ്മ തന്നെ ... ശാന്തിക്കാരൻ തിരുമേനി ഉറപ്പിച്ചു..
കമ്മിറ്റിക്കാരനോട് തിരുമേനി അൽപം സ്വരം താഴ്ത്തി പറഞ്ഞു..
"ഏയ് .. കേൾക്കണുണ്ടോ... ക്ഷേത്രോം പരിസരോം അശുദ്ധാക്കപ്പെട്ടിരിക്കണൂന്ന്... എത്രോം വേഗം ശുദ്ധികലശത്തിനങ്ങട് ഏർപ്പാടാക്കാഹ് ... വൈകീക്കണ്ടാ... ക്ഷിപ്രകോപിയാണേ തിരുനടേല് .. മറക്കണ്ടാട്ടോ..."
"ഏയ് .. കേൾക്കണുണ്ടോ... ക്ഷേത്രോം പരിസരോം അശുദ്ധാക്കപ്പെട്ടിരിക്കണൂന്ന്... എത്രോം വേഗം ശുദ്ധികലശത്തിനങ്ങട് ഏർപ്പാടാക്കാഹ് ... വൈകീക്കണ്ടാ... ക്ഷിപ്രകോപിയാണേ തിരുനടേല് .. മറക്കണ്ടാട്ടോ..."
പെട്ടെന്ന് വടക്കേ കവാടത്തിൽ കൂടെ ഒരു കൂട്ടർ വന്ന് കമ്മിറ്റിക്കാരന്റെ ചെവിയിൽ എന്തോ സ്വകാര്യം പറഞ്ഞു.. കേൾക്കേണ്ട താമസം മേൽമുണ്ട് എടുത്ത് കുടഞ്ഞ് അയാൾ അവർക്കൊപ്പം നടന്നകന്നു.. ഏകദേശം അരനാഴികനേരം കഴിഞ്ഞു കാണും, അങ്ങോട്ട് തിരിച്ചെത്തിയ അയാൾ അൽപം ആജ്ഞാപന സ്വരത്തിൽ തിരുമേനിയോടായി പറഞ്ഞു.
"തിരുമേനി... ധൈര്യായിട്ട് തിരികൊളുത്തിക്കോളൂ.. ശ്രീകോവിലീന്ന് കോപിച്ചിറങ്ങിയ ഭഗവാനെ തിരിച്ചെത്തിക്കാനുള്ള ക്രിയ നടത്തീട്ടാ ഞങ്ങള് വരണത്.. ധൈര്യായി പൂജ തുടരൂ തിരുമേനിയേ..".. അയാളുടെ കണ്ണുകൾ കോപം കൊണ്ട് ചുവന്നിരുന്നു..
ഇതെല്ലാം കണ്ടുകൊണ്ട് അകത്തേ നടയിൽ നിന്നുമിറങ്ങിയ, ഭഗവാൻ ക്ഷേത്രത്തിന്റെ വടക്കേമുറ്റത്തേക്ക് നീങ്ങി.. മൂപ്പരുടെ കയ്യിൽ സ്വർണ്ണക്കരയുള്ള ഒരു മേൽമുണ്ടും കരുതിയിരുന്നു.. അതിൽ സ്വർണ്ണ നിറമുള്ള വടിവൊത്ത അക്ഷരങ്ങളാൽ കുറിച്ചിരുന്നത് വായിക്കാനാകുന്നുണ്ട്..
" അശാന്തമാമീ ദേഹിക്ക്, നിത്യശാന്തിതൻ ലോകത്തേക്ക് സുസ്വാഗതമേകുന്നു.. "..
അൽപം അകലെയായി കൂടി നിന്ന ആൾക്കൂട്ടത്തിലേക്ക് നടന്നകന്ന ഭഗവാൻ ആ മേൽമുണ്ട് പാൽനിലാ പുഞ്ചിരി തൂകിക്കൊണ്ട് ഒരു മൃതദേഹത്തിൽ പുതപ്പിച്ചു.. അപ്പോൾ ഇപ്പുറത്ത് ക്ഷേത്രത്തിലെ പൂജകൾ അവസാനിക്കാറായിരുന്നു.. ഇതൊന്നുമറിയാതെ ഒരു കൂട്ടമാളുകൾ നിവേദ്യപ്പായസത്തിന് വരി നിൽക്കുന്നത് കാണാമായിരുന്നു.. അവരെ ആവേശത്തോടെ നിയന്ത്രിച്ചു കൊണ്ട്, തൊഴുകയ്യാൽ ഭഗവാന്റെ വിഗ്രഹത്തിനടുത്ത് നിന്ന കമ്മിറ്റിക്കാരനെ ക്ഷേത്ര മുറ്റത്ത് നിന്നു കൊണ്ട് ഭഗവാൻ നോക്കിക്കാണുന്നുണ്ടായിരുന്നു.
തൊട്ടടുത്ത് റോഡരികിലെ ടെലഫോൺ പോസ്റ്റിൽ കൊളുത്തിയ ചെറിയ ബാനറിൽ ഇപ്രകാരം കുറിച്ചിരുന്നു.. "അശാന്തന് കണ്ണീരിൽ കുതിർന്ന വിട "...
അപ്പോഴേക്കും ഈ കൊച്ചു നഗരം തിരക്കിലമരാൻ തുടങ്ങിയിരുന്നു.. തീരം വിട്ടകന്ന ചരക്കു കപ്പൽ അഴിമുഖത്തിനു നേർക്ക് മെല്ലെ മെല്ലെ നീങ്ങിത്തുടങ്ങിയിരുന്നു.. സിമന്റുകട്ടകൾ പാകിയ പാതയോരത്തിനടുത്ത വാകമരത്തിലെ ചുവന്ന പൂക്കൾ എല്ലാ കാഴ്ചകൾക്കും സാക്ഷിയായി നിൽക്കുന്നുണ്ടായിരുന്നു.... അതെ, പ്രതികരണ ശേഷിയില്ലാത്ത വെറും മൂകസാക്ഷിയായി.....
Credit ; ഷെഫീർ

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ