ഒരു ഞായറാഴ്ച വിശേഷം


==================
   ഇലകൾ പൊഴിച്ചു നിൽക്കുന്ന റബർ മരങ്ങളുടെ ചില്ലകൾക്കിടയിലൂടെ ഇളവെയിൽ തെല്ലും നാണം കുണുങ്ങാതെ കരിയിലക്കൂട്ടങ്ങളെ ഉമ്മവച്ചു..ഏറെ വൈകാതെ മകരം വഴിമാറാനൊരുങ്ങുന്നു.. കടന്നു വരാനിരിക്കുന്ന കുംഭ - മീനമാസച്ചൂടിൽ ചുട്ടുപൊള്ളാനായി ഭൂമിയിലെ മൺതരികൾ തയ്യാറെടുത്തു കഴിഞ്ഞു.. രാത്രി മുഴുവൻ പിടിച്ചു വാങ്ങിയ മഞ്ഞുകൊണ്ട് തണുത്ത കിണർ വെള്ളം, തലവഴി കമിഴ്ത്തിയപ്പോൾ എന്തെന്നില്ലാത്ത ഒരു ഉൻമേഷം.. ആ ഉൽസാഹത്തിൽ മൂളിയ "എന്റമ്മേടെ ജിമിക്കി കമ്മൽ " പാട്ട് മുഴുമിപ്പിക്കാൻ സമ്മതിച്ചില്ല.. വാതിൽക്കൽ കെട്ട്യോൾ ഓർമ്മപ്പെടുത്തലിന്റെ സന്ദേശവാഹകയായി എത്തി...
"ഇന്ന് ഞായറാഴ്ചയാണ്.. മറക്കണ്ടാ.."
ഓഹ്.. ഞാനും മൂളി..
  പുറത്തിറങ്ങി മോട്ടോർ സൈക്കിളിൽ പീടികയിലേക്ക് പാഞ്ഞു.. പഞ്ചായത്ത് കിണറ്റിൻ കരയിലെ കണിക്കൊന്ന കാലം തെറ്റി പൂത്തിരിക്കുന്നു .. ദിവസങ്ങൾക്കുള്ളിൽ മഞ്ഞപ്പട്ട് വിരിച്ച താഴികക്കുടം കണക്കെ പൂക്കളാൽ നിറയാനുള്ള തയ്യാറെടുപ്പിലാണവൾ ...പ്രഭാകരൻ ചേട്ടന്റെ പറമ്പിലെ വേലിയിലെ കൊന്നപ്പത്തലുകളും പൂത്ത്, ഇളം റോസും വെള്ളയും കലർന്ന കുലകളായി കാറ്റിൽ തലയാട്ടുന്നു...
        ഒടുവിൽ കിതച്ചു പീടികപ്പടിക്കലെത്തിയ മോട്ടോർ സൈക്കിളിനെ, സൈഡ് സ്റ്റാന്റിന്റെ വലിഞ്ഞു പൊട്ടാറായ സ്പ്രിംഗിൽ ഒരു വിധം ബാലൻസ് ആക്കിയിട്ട് ,ഞാൻ കടക്കാരൻ ബക്കറിനോട് ആവശ്യമറിയിച്ചു.... കൊളുത്തിൽ തൂക്കിയ വിവാദനായകന്റെ ആറാം വാരിയെല്ലിനു നേരെ കൈ ചൂണ്ടിക്കൊണ്ട് പറഞ്ഞു.. ഇതെടുത്തോ... ഒന്നര മതി...
       വെട്ടിക്കൂട്ടിയ പോത്തിറച്ചി കവറിലാക്കി തിരികെ പോരുമ്പോൾ, ഒന്നാമത്തെ ഹംപ് ചാടിയതും ഞാൻ കവറിലേക്ക് നോക്കി... വീര്യം കൂടുതലുള്ളോനാ.. പോരാത്തതിന് വിവാദനായകനും.. പുറത്ത് ചാടാനുള്ള സാധ്യത തള്ളിക്കളയാൻ പറ്റില്ലല്ലോ.?...
*****ഞായറാഴ്ച ആശംസകൾ****
എഴുത്ത്: shefeer p aboobacker
https://www.facebook.com/shafeer0900?fref=ufi

അഭിപ്രായങ്ങള്‍