ദുബായ് ∙ നടി ശ്രീദേവിയുടേത് അപകടമരണമാണെന്നു റിപ്പോർട്ട്. ദുബായ് ആരോഗ്യ വകുപ്പ് പുറത്തുവിട്ട മരണ സർട്ടിഫിക്കറ്റിലാണ് ഇക്കാര്യമുള്ളത്. ശനിയാഴ്ചയായിരുന്നു ശ്രീദേവി മരിച്ചത്. രക്തപരിശേോധനയിൽ, ശരീരത്തിൽ മദ്യത്തിന്റെ അംശം കണ്ടെത്തിയെന്ന് ഫൊറൻസിക് റിപ്പോർട്ട് വ്യക്തമാക്കുന്നതായി ഗൾഫിലെ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
യുഎഇ പൊതു ആരോഗ്യമന്ത്രാലയം പുറത്തുവിട്ട മരണ സർട്ടിഫിക്കറ്റിൽ ‘മുങ്ങിമരണം’ എന്നാണ് വ്യക്തമാക്കിയിരിക്കുന്നത്. മദ്യത്തിന്റെ ആലസ്യത്തിൽ ശരീരത്തിന്റെ ബാലൻസ് നഷ്ടപ്പെട്ട് ശ്രീദേവി ബാത് ടബിലേക്കു വീണ് മുങ്ങിമരിക്കുകയായിരുന്നുവെന്നാണ് കരുതുന്നത്. മൃതദേഹം എംബാം ചെയ്യാൻ അയച്ചെന്നും ഗൾഫ് മാധ്യമങ്ങളെ ഉദ്ധരിച്ച് എഎൻഐ റിപ്പോർട്ട് ചെയ്തു. ഹൃദയസ്തംഭനം കാരണമാണു ശ്രീദേവി മരിച്ചതെന്നായിരുന്നു നേരത്തേ റിപ്പോർട്ടുകൾ.
ഇന്നലെ മുതൽ തന്നെ ശ്രീദേവിയുടെ മരണം സംബന്ധിച്ച ദുരൂഹതകൾ ചർച്ചയായിരുന്നു. ഹൃദയാഘാതം കൊണ്ടുള്ള സ്വാഭാവിക മരണം എന്നായിരുന്നു ആദ്യറിപ്പോർട്ട്. തുടർന്ന്, പോസ്റ്റ്മോർട്ടം പോലും വേണ്ടിവരില്ലെന്നും ഇന്ത്യൻ കോൺസുലേറ്റ് വ്യക്തമാക്കിയിരുന്നു. പിടിഐ വാർത്താ ഏജൻസിയാണ് കോൺസുലേറ്റ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ഇക്കാര്യം പുറത്തു വിട്ടത്.
എന്നാൽ പിന്നീട് ഇൻക്വസ്റ്റ് റിപ്പോർട്ട് തയാറാക്കുന്നതിനിടെയാണു ദുരൂഹത ഉയർന്നത്. സംഭവത്തിൽ ബർ ദുബായ് പൊലീസ് കേസെടുത്ത് അന്വേഷണവും ആരംഭിച്ചു. ശ്രീദേവി ദുബായിൽ താമസിച്ചിരുന്ന ഹോട്ടലിലും പരിശോധന നടത്തി. ഇതിനിടെയാണ് മരണ സർട്ടിഫിക്കറ്റ് പുറത്തുവന്നിരിക്കുന്നത്.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ