ഡോക്ടറും ഓട്ടോക്കാരനും

കാലത്ത് ആറരമണി.
മോന്റെ കയ്യും പിടിച്ച് ഡോക്ടറുടെ മുറിക്കു പുറത്ത് ഊഴംകാത്തിരിക്കുമ്പോഴാണ് വാതിലിൽ പതിച്ച നോട്ടീസ് ശ്രദ്ധിച്ചത്‌.
"ഫീസ്‌ 50രൂപ വർദ്ധിപ്പിച്ചിട്ടുണ്ട്‌"
ഇതുവരെ 300 ആയിരുന്നു. പോക്കറ്റിൽ കൈയ്യിട്ട്‌ 50 കൂടിയെക്കുന്നതിനിടയിൽ വാതിൽ തുറന്നു.
'ഇപ്പൊ എങ്ങനെണ്ട്'
'കുഴപ്പൊന്നുല്ല'
ടോർച്ചെടുത്ത് കണ്ണിലേക്കൊന്നടിച്ചു. സ്റ്റെതസ്കോപ്പു കൊണ്ട് രണ്ടു മൂന്നു അമർത്തൽ.
'മരുന്നുകൾ കുറച്ചു കൂടി തുടർന്നോട്ടെ'
'ഓ...'
ദക്ഷിണ കൊടുത്തു. നോട്ടുകൾ നിവർത്തി നോക്കി ഉറപ്പു വരുത്തി.
മുറിക്കു പുറത്തു കടന്നപ്പോൾ നോട്ടീസിലേക്ക് ഒന്നുകൂടി നോക്കി.
പണ്ട് പീടികച്ചുവരുകളിൽ കണ്ടിരുന്ന നോട്ടീസാണ് ഓർമ്മയിലോക്കോടി എത്തിയത്.
'ഇലക്കും പുകയിലക്കും വില കൂടിയതിനാൽ ഇനി മുതൽ 20 ബീഡിയുടെ ഒരു കെട്ടിന് 70 പൈസയായിരിക്കും. മാന്യ പുകവലിക്കാർ സഹകരിക്കണം. ഇപ്പോൾ വാങ്ങുന്ന ബീഡിക്കൊപ്പം ഒരു തീപ്പെട്ടി സൗജന്യം'
ബീഡിത്തെരപ്പുകാർ കാരണമെങ്കിലും ചൂണ്ടിക്കാണിച്ചുവല്ലോ. നല്ലത്‌.
രാവിലെ 6 മണി മുതൽ എട്ടരവരെ 40ലധികം ടോക്കൺ, വരവ്‌ ഏതാണ്ട് 15000 രൂപ. 9 മണി മുതൽ 5 മണി വരെ ഹോസ്പിറ്റലിൽ. മാസം ശമ്പളവും കമ്മീഷനുമായി ഏതാണ്ട്‌ നാലഞ്ചുലക്ഷം രൂപ. വൈകുന്നേരം വീണ്ടും 30 ടോക്കൺ. എന്നിട്ടും അരി വാങ്ങാൻ കാശ് തികയുന്നില്ല. അപ്പോൾ ഫീസു കൂട്ടാതെന്തു ചെയ്യും.
ഇങ്ങനെ രണ്ടറ്റം കൂട്ടിമുട്ടിക്കാൻ കഷ്ടപ്പെടുന്ന ഡോക്ടർമാരിൽ പലരുടേയും സഹായികൾക്ക്‌ കൊടുക്കുന്ന വേതനം 2000 മുതൽ 3000 വരെ. ഡ്രൈവർക്ക് 5000 മുതൽ 6000 വരെ.
ഒരു ലക്ഷം പോലും ചിലവില്ലാത്ത കിഡ്നി, കരൾ ചികിത്‌സകൾക്ക്‌ കാൽ കോടി മുതൽ അരക്കോടി‌ വരെ ബില്ല്‌. അവിടെ നഴ്സുമാർക്ക്‌ നൽകുന്ന ശംബളം പറയുന്നില്ല. അതിനും കോടതി കനിയണം.
ജീവന്റെ സുരക്ഷയെ ഓർത്ത് പേരുകേട്ട ഡോക്ടറെ തേടി പോകുമ്പോൾ പാവപ്പെട്ടവന് നേരിടേണ്ടി വരുന്ന കൊടിയ ചൂഷണത്തിന്റെ ചെറിയ ചിത്രമാണിത്‌.
300 തന്നെ വായ്പ വാങ്ങി വരുന്ന പാവങ്ങൾക്ക്‌ 50 കൂടി വാങ്ങേണ്ടി വരുന്നു. വട്ടിപ്പലിശക്കാർ ഇതിലും മാന്യരാണ്‌. 50 ൽ താഴെ ഫീസ് വാങ്ങുന്ന നല്ല ഡോക്ടർമാർ ഇന്നും നാട്ടിലുണ്ട്. അവരാരും മോശക്കാരുമല്ല. ഒരു കോടി മുടക്കി ഡോക്ടറാകുമ്പോൾ പത്തും അമ്പതും ഫീസു വാങ്ങുന്നത് ന്യായീകരിക്കണമെന്നില്ല.
മുടക്കുമുതൽ രണ്ട് വർഷം കൊണ്ടു തിരിച്ചെടുക്കാവുന്ന, ഇതുപോലെ മാന്യതയുടെ മൂടുപടമുള്ള വേറെ business ഇല്ല. അതുകൊണ്ട്‌ എല്ലാവരും മക്കളെ doctor ആക്കുന്നു.
ഒന്നറിയുക,
ഇങ്ങനെ വാങ്ങികൂട്ടിയ വിദേശ കാറുകളും flatകളുമൊക്കെ വെയിലത്തു കിടന്ന് പരിഹസിച്ച് ചിരിക്കുന്ന ഒരു കാലം വരും. സംശയമുണ്ടെങ്കിൽ ചുറ്റും കണ്ണോടിക്കുക.
ഇവർ പിടിച്ചുപറിക്കുന്നത് സാമ്പത്തികമായും ശാരീരികമായും മാനസികമായും തളർന്നുപോയ നിസ്സഹായരേയാണ്‌. അതും ക്രൂരനായ ഒരു പിടിച്ചുപറിക്കാരൻ പോലും മുതിരാത്ത സമയത്ത്.
കുട്ടിയെയും കൂട്ടി ടൗണിലേക്ക് പോരാനായി ഒരു മടക്ക ഓട്ടോയിൽ കയറി. 14 രൂപ കൊടുത്തു. ഓട്ടോക്കാരൻ 7 രൂപ തിരികെ തന്നു.
'കുട്ടിയല്ലേ, ഒരാളുടെ മതി!'
കുടുംബം പോറ്റാൻ തുച്ഛവരുമാനത്തിന് ജോലിചെയ്യുന്ന ഒരു ഓട്ടോത്തൊഴിലാളിയുടെ എത്തിക്സ്‌.
'
കടപ്പാട് വാട്ട്സ്ആപ്പ് .. ----

അഭിപ്രായങ്ങള്‍