ഇന്നലെ കേരളത്തിൽ പ്രദർശനത്തിനെത്തിയ ചിത്രമാണ് മെഗാ സ്റ്റാർ മമ്മൂട്ടി നായകൻ ആയി എത്തിയ മലയാള- തമിഴ് ദ്വിഭാഷാ ചിത്രമായ സ്ട്രീറ്റ് ലൈറ്റ്‌സ് . ഒരു ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ആയി ഒരുക്കിയിരിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് മലയാള സിനിമയിലെ പ്രശസ്തരായ ഛായാഗ്രാഹകരിൽ ഒരാളായ ഷാംദത് സൈനുദ്ധീൻ ആണ് . ഷാംദത്തിന്റെ ആദ്യത്തെ സംവിധാനം സംരംഭമാണ് ഈ ചിത്രം. നവാഗതനായ ഫവാസ് മുഹമ്മദ് ആണ് ഈ ചിത്രത്തിന്ൻ തിരക്കഥ രചിച്ചിരിക്കുന്നത്. പ്ളേ ഹൌസ് മോഷൻ പിക്ചർസിന്റെ ബാനറിൽ മമ്മൂട്ടി തന്നെ നിർമ്മിച്ചിരിക്കുന്ന ഈ ചിത്രം തെലുങ്ക് ഭാഷയിലും ഡബ് ചെയ്തു റിലീസ് ചെയ്യുന്നുണ്ട് . സൗബിൻ ഷാഹിർ, ലിജോമോൾ ജോസ് എന്നിവരും ഈ ചിത്രത്തിൽ പ്രധാന വേഷങ്ങൾ ചെയ്തിരിക്കുന്നു.
ഒരു ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ആയി ഒരുക്കിയിരിക്കുന്ന ഈ ചിത്രത്തിൽ ജെയിംസ് എന്ന പോലീസ് ഓഫീസർ ആയാണ് മമ്മൂട്ടി അഭിനയിക്കുന്നത്. ജെയിംസ് നടത്തുന്ന ഒരു ഇൻവെസ്റ്റിഗേഷനും അതുപോലെ സൗബിൻ, ലിജോമോൾ എന്നിവർ അവതരിപ്പിക്കുന്ന കഥാപാത്രങ്ങളുടെ ജീവിതവും എല്ലാം കോർത്തിണക്കിയാണ് ഈ ചിത്ര കഥ പറഞ്ഞിരിക്കുന്നത്. ഷാംദത് എന്ന നവാഗത സംവിധായകന് ഒരു കയ്യടി കൊടുക്കേണ്ടിയിരിക്കുന്നു എന്ന് ആദ്യം തന്നെ പറയാം . കാരണം വളരെ വ്യത്യസ്തമായ ഒരു പ്രമേയമാണ് അദ്ദേഹം വളരെ ആവേശകരമായ രീതിയിൽ തന്റെ ആദ്യ ചിത്രത്തിലൂടെ തന്നെ അവതരിപ്പിച്ചത്. ഇത്തരത്തിൽ ഒരു പ്രമേയം തിരഞ്ഞെടുക്കുകയും അത് ഏറ്റവും ഭംഗിയായി സാങ്കേതിക പൂർണ്ണതയോടെ അവതരിപ്പിക്കുന്നതിൽ വിജയം കണ്ടെത്തുകയും ചെയ്തു അദ്ദേഹം. . ഏതെങ്കിലും തരത്തിൽ പ്രസക്തിയുള്ള വിഷയം തിരഞ്ഞെടുത്തു കഥ പറയാൻ ശ്രമിച്ചപ്പോൾ തന്നെ പ്രേക്ഷരെ രസിപ്പിക്കാനും ഷാംദത്തിനു കഴിഞ്ഞിട്ടുണ്ട്. പ്രേക്ഷകരെ പൂർണ്ണമായി രസിപ്പിക്കുന്ന രീതിയിൽ കഥ പറഞ്ഞതിനൊപ്പം തന്നെ മികച്ച സാങ്കേതിക പൂർണ്ണതയോടെ ആ കഥ അവതരിപ്പിച്ചു പ്രേക്ഷകരെ ആദ്യാവസാനം ആവേശം കൊള്ളിക്കുകയും ചെയ്തു ഷാംദത്. ഫവാസ് മുഹമ്മദ് എന്ന നവാഗതൻ എഴുതിയ തിരക്കഥയാണ് ഈ ചിത്രത്തിന്റെ നട്ടെല്ല്. . ആവേശം കൊള്ളിക്കുന്ന കഥാ സന്ദർഭങ്ങൾ വളരെ വിശ്വസനീയമായി അവതരിപ്പിച്ചതിനൊപ്പം തന്നെ കോരിത്തരിപ്പിക്കുന്ന കിടിലൻ സംഭാഷണങ്ങളും ആക്ഷൻ രംഗങ്ങളും ഒരുക്കാനും എഴുത്തുകാരനും സംവിധായകനും കഴിഞ്ഞിട്ടുണ്ട് . സസ്പെൻസ് നിറഞ്ഞ ഈ ചിത്രത്തിൽ വളരെ മനോഹരമായാണ് മറ്റു വിനോദ ഘടകങ്ങൾ സംവിധായകൻ ഉൾപ്പെടുത്തിയത്.
ജെയിംസ് എന്ന കഥാപാത്രം ആയി മമ്മൂട്ടി നടത്തിയ പ്രകടനം തന്നെയാണ് ഈ ചിത്രത്തിന്റെ ഏറ്റവും വലിയ മികവ് എന്ന് നിസംശയം പറയാം നമ്മുക്ക് . ജെയിംസ് എന്ന പോലീസ് ഓഫീസർ ആയി മമ്മൂട്ടി ആവേശകരമായ പ്രകടനം ആണ് കാഴ്ച വെച്ചത്. ആക്ഷനും സ്റ്റൈലും എല്ലാം വളരെ മികച്ച രീതിയിൽ ചെയ്യാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട് എന്നതിനൊപ്പം അദ്ദേഹം ഈ ചിത്രത്തിനു നൽകിയ ഊർജ്ജവും അദ്ദേഹത്തിന്റെ സ്ക്രീൻ പ്രസൻസും എടുത്തു പറയേണ്ടത് ആണ്. മറ്റു നിർണ്ണായക കഥാപാത്രങ്ങളെ അവതരിപ്പിച്ച സൗബിൻ ഷാഹിർ, ലിജോമോൾ ജോസ് എന്നിവരും മമ്മൂട്ടിക്കൊപ്പം മിന്നുന്ന പ്രകടനം തന്നെയാണ് നൽകിയത് . മറ്റു കഥാപാത്രങ്ങൾക്ക് ജീവൻ നൽകിയ ധർമജൻ, ഹാരിഷ് കണാരൻ, സോഹൻ സീനുലാൽ, ജോയ് മാത്യു, സുധി കോപ്പ, നീന കുറുപ്പ് എന്നിവരും മികച്ച പ്രകടനം കാഴ്ച വെച്ചു.
സാദത് ഒരുക്കിയ ദൃശ്യങ്ങൾ വളരെയധികം മികച്ചു നിന്നു. വളരെ മനോഹരവും അത് പോലെ ശക്തവുമായിരുന്നു സാദത് ഒരുക്കിയ ദൃശ്യങ്ങൾ . ഒരു ത്രില്ലർ ചിത്രത്തിന്റെ മൂഡ് പ്രേക്ഷകരിലേക്ക് പകരാൻ ആ ദൃശ്യങ്ങൾക്ക് കഴിഞ്ഞു. നവാഗതനായ ആദര്ശ് എബ്രഹാം ഒരുക്കിയ സംഗീതവും മികച്ചു നിന്നു. പ്രേത്യേകിച്ചു പശ്ചാത്തല സംഗീതം ചിത്രത്തിന്റെ ശക്തിയായി നിന്നു എന്ന് എടുത്തു പറയേണ്ടി വരും . മനോജ് ആണ് ചിത്രത്തിന്റെ എഡിറ്റിംഗ് നിർവഹിച്ചത് . ചിത്രം ഒരു നിമിഷം പോലും പ്രേക്ഷകനെ ബോറടിപ്പിച്ചില്ല എന്നത് എഡിറ്ററുടെ മികവാണെന്നു പറയാം.
.സ്ട്രീറ്റ് ലൈറ്റ്‌സ് ഒരു തികഞ്ഞ എന്റെർറ്റൈനെർ ആണെന്ന് മാത്രമല്ല വളരെ വ്യത്യസ്തമായ ഒരു വിഷയവും കൈകാര്യം ചെയ്യുന്ന ചിത്രമാണ് . ഒരു ത്രില്ലർ ആണെങ്കിലും എല്ലാത്തരം പ്രേക്ഷകർക്കും ഇഷ്ട്ടപെടുന്ന രീതിയിലാണ് ഈ ചിത്രം അവതരിപ്പിക്കപ്പെട്ടിരിക്കുന്നതു. അതുകൊണ്ടു തന്നെ ത്രില്ലർ ചിത്രങ്ങളുടെ ആരാധകർക്ക് മാത്രമല്ല മറ്റുള്ളവർക്കും മികച്ച ഒരു സിനിമാനുഭവം ആയിരിക്കും സ്ട്രീറ്റ് ലൈറ്റ്‌സ് സമ്മാനിക്കുക.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ